Saturday, 1 September 2012

വീണപൂവ് - കുമാരനാശാന്‍

ഈ ലിങ്കില്‍ ഇതിന്റെ ഓഡിയോ ലഭ്യമാണ്.


1

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?

2

ലാളിച്ചു പെറ്റ ലത,യൻപൊടു ശൈശവത്തിൽ,
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;
ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാർന്നു മലരേ, ദളമർമ്മരങ്ങൾ

3

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
നീ ലീല പൂണ്ടിളയ മൊട്ടുകളോടു ചേർന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ

4

ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ-
ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ

5

ഈവണ്ണമൻപൊടു വളർന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു
പൂവേ! അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

6

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, ആ മൃദു മെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ

7

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടർന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം

8

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ ചിത്രമല്ല-
തില്ലാർക്കുമീഗുണവു, മേവമകത്തു തേനും

9

ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷ സുഭഗത്വവുമാർന്നിരിക്കാം

10

"കാലം കുറഞ്ഞ ദിന,മെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

11

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതിൽ നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ

12

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു
വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം

13

എന്നംഗമേകനിഹ തീറു കൊടുത്തുപോയ്‌ ഞാൻ
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

14

ഹാ! കഷ്ട,മാവിബുധ കാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ!

15

ചത്തീടുമിപ്പോഴിവനല്‌പ വികല്‌പമില്ല
തത്താദൃശം വ്യസന കുണ്ഠിതമുണ്ടു കണ്ടാൽ
അത്യുഗ്രമാം തരുവിൽ ബത കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ?

16

ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-
മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ
ക്രന്ദിയ്ക്കയാം; കഠിന താൻ ഭവിതവ്യതേ നീ.

17

ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തര ലോലനായി
എന്നെച്ചതിച്ചു ശഠൻ, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

18

ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ
പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-
ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

19

പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം
മൂകങ്ങൾ പിന്നിവ പഴിക്കുകിൽ ദോഷമല്ലേ?

20

പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ്‌ കുസുമ ചേതന പോയ മാർഗ്ഗ-
മേകാന്ത ഗന്ധമിതു പിൻതുടരുന്നതല്ലീ?

21

ഹാ! പാപമോമൽ മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു കപോതമെന്നും?

22

തെറ്റെന്നു ദേഹ സുഷമാ പ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവ ദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞു പോയി

23

ഞെട്ടറ്റു നീ മുകളിൽ നിന്നു നിശാന്ത വായു
തട്ടി,പ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

24

അത്യന്ത കോമളതയാർന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്‌സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതു,മുപകണ്ഠ തൃണാങ്കുരങ്ങൾ

25

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയെന്നു തോന്നും

26

ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേൽ
നീഹാര ശീകര മനോഹരമന്ത്യഹാരം

27

താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ ക-
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു

28

ആരോമലമാം ഗുണ ഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

29

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരി തടത്തിൽ വിവർണ്ണനായ്‌ നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു.

30

എന്തിന്നലിഞ്ഞു ഗുണ ധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടി രഹസ്യ,മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയിൽ നീണ്ടു വാഴാ.

31

സാധിച്ചു വേഗ,മഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതിൽ നിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണിക ജീവിതമല്ലി കാമ്യം?

32

എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

33

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ.

34

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

35

ഉത്‌പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്‌പന്നനാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ

36

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താൽ

37

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടും പോൽ
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിൻ മേൽ
കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ.

38

സംഫുല്ല ശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികൾ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

39

അല്ലെങ്കിലാ ദ്യുതിയെഴുന്നമരർഷിമാർക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്‌ നീ
സ്വർല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തിൽ

40

ഹാ! ശാന്തിയൗപനിഷദോക്തികൾ തന്നെ നൽകും
ക്ലേശിപ്പതാത്മ പരിപീഡനമജ്ഞ യോഗ്യം
ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോർക്ക പൂവേ!

41

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു 
കഷ്ടം!

സഫലമീ യാത്ര - എന്‍. എന്‍. കക്കാട്

 ഈ ലിങ്കില്‍ ഇതിന്റെ ഓഡിയോ ലഭ്യമാണ്.

ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും, പോകുമല്ലേ സഖീ,
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍‍ക്കട്ടെ,
നീയെന്നണിയത്ത് തന്നെ നില്‍‍ക്കൂ;
ഇപ്പഴം കൂടൊരു ചുമയ്ക്കടിയിടറി വീഴാം -
വ്രണിതമാം കണ്ഠത്തില്‍
ഇന്ന് നോവിത്തിരി കുറവുണ്ട്!

വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയിലലിയും ഇരുള്‍ നീലിമയില്‍ ,
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്ന് വിറയ്ക്കുമീയേകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ, നീ തൊട്ട് നില്‍‍ക്കൂ!

ആതിര വരുന്നേരമൊരുമിച്ചു കൈകള്‍ കോര്‍ ‍-
ത്തെതിരേല്‍ക്കണം നമുക്കിക്കുറി, വരും കൊല്ല-
മാരെന്നുമെന്തെന്നുമാര്‍ക്കറിയാം!
എന്ത് നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ?
ചന്തം നിറയ്ക്കുകീ ശിഷ്ട ദിനങ്ങളില്‍ ‍!

മിഴിനീര്‍ ചവര്‍പ്പ് പെടാതീ മധുപാത്ര-
മടിയോളം മോന്തുക, നേര്‍ത്ത നിലാവിന്‍റെ-
യടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്‍റെയറകളിലെയോര്‍മ്മകളെടുക്കുക,
ഇവിടെയെന്തോര്‍മ്മകളെന്നോ!

നെറുകയിലിരുട്ടേന്തി പാറാവ് നില്‍ക്കുമീ
തെരുവു വിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമ്മില്ലെന്നോ? ഒന്നുമില്ലെന്നോ?

പല നിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചുമോ
പതിറ്റാണ്ടുകള്‍ നീണ്ടൊരീ അറിയാത്ത വഴികളി-
ലെത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകളുണ്ടായിരിക്കണമൊക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേ-
ക്കോടിമറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്ന് പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞു പോം മലകളില്‍

പുളയും കുരുത്തോല, തെളിയുന്ന പന്തങ്ങള്‍,
ഇളയുന്ന മേളങ്ങളുറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാൽപ്പാട്ടുയരുന്നുവോ സഖീ,
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ, ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ, മധുരങ്ങള്‍ പാടാതെ,
പാതിരകളിളകാതെ, അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ,
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ!

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലു-
മാതിരയെത്തും കടന്നു പോമീ വഴി;
നാമീ ജനലിലൂടെതിരേല്‍‍ക്കു-
മിപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം!
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി-
യതിലൊറ്റ മിഴി നീര്‍ പതിക്കാതെ, മനമിടറാതെ!

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം

എന്‍റെ സരസ്വതി - വി ടി കുമാരന്‍

 ഈ ലിങ്കില്‍ ഇതിന്റെ ഓഡിയോ ലഭ്യമാണ്.

ഇടത്തല്ല, വലത്തല്ല,നടുക്കല്ലെന്‍ സരസ്വതി
വെളുത്ത താമരപ്പൂവിലുറക്കമല്ല;
തുടിയ്ക്കുന്ന ജനത തന്‍ കരളിന്റെ കരളിലെ
തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു!
 
പടകുറിച്ചൊരുങ്ങിയ പതിതര്‍ തന്‍ പത്മവ്യൂഹ-
നടുവിലെ കൊടിത്തണ്ടിലവള്‍ പാറുന്നു!
അഴകിന്റെ വീണമീട്ടി, തൊഴിലിന്റെ ഗാനം പാടും
തൊഴിലിന്റെ കൊടിയേന്തിയഴകു പാടും.
 
വിരിയുന്ന താരുകളില്‍ വിടരുന്ന താരങ്ങളില്‍
വിരഞ്ഞെത്തുമവളുടെ കടാക്ഷ ഭൃംഗം.
കനകപ്പൂ നിറതിങ്കള്‍ നിലാവലയൊഴുക്കുമ്പോള്‍
കടലു പോലവളുടെ കരള്‍ തുടിയ്ക്കും.
 
നേരിനെ താരാക്കി മാറ്റും താരിനെ താരകമാക്കും
താരകത്തെയവള്‍ നിത്യ ചാരുതയാക്കും.
 ചാരുതയില്‍ വാക്കു ചാലിച്ചവള്‍ തീര്‍ത്തൊരുക്കി വെച്ച
ചായമിറ്റ് കിട്ടുവാന്‍ ഞാന്‍ തപസ്സു ചെയ്‌വൂ!

Friday, 15 June 2012

അമ്മ - ഓ എന്‍ വി


ഈ ലിങ്കില്‍ ഇതിന്റെ ഓഡിയോ ലഭ്യമാണ്.

ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒരമ്മ പെറ്റവരായിരുന്നു
ഒന്‍പതു പേരും അവരുടെ നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..

കല്ലുകള്‍ ചെത്തി പടുക്കുമ-
ക്കൈകള്‍ക്ക് കല്ലിനെക്കാള്‍ ഉറപ്പായിരുന്നു
നല്ല പകുതികള്‍ നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ..

ഒരു കല്ലടപ്പിലെ തീയിലല്ലോ
അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ
അവരുടെ തീനും തിമിതിമിര്‍പ്പും..

ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ
കോരി കുടിക്കാന്‍, കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ, അവര്‍ക്ക്
അന്തി ഉറങ്ങുവാന്‍ മാത്രമല്ലോ..

ചെത്തിയ കല്ലിന്റെ ചേല് കണ്ടാല്‍
കെട്ടി പടുക്കും പടുത കണ്ടാല്‍
അക്കൈ വിരുതു പുകഴ്തുമാരും
ആ പുകള്‍ ഏതിനും മീതെയല്ലോ..

കോട്ട മതിലും മതിലകത്തെ
കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ
അഴകും കരുത്തും കൈ കോര്‍ത്തതത്രേ..

ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരു
ശില്പ ഭംഗി തളിര്‍ത്ത പോലെ
ഒന്‍പതു കല്പ്പണിക്കാരവര്‍, നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..

അത് കാലം കോട്ട തന്‍ മുന്നിലായി
പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഉത്സവമായി ശബ്ദ ഘോഷമായി..

കല്ലിനും മീതെയായി നൃത്തമാടി
കല്ലുളി, കൂടങ്ങള്‍ താളമിട്ടു..
ചെത്തിയ കല്ലുകള്‍ ചാന്തു തേച്ചു
ചേര്‍ത്ത് പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മ ആര്‍ന്നു പോയി
ഭിത്തിയുറയ്ക്കുന്നീലൊന്നു കൊണ്ടും..

കല്ലുകള്‍ മാറ്റി പടുത്തു നോക്കി
കയ്യുകള്‍ മാറി പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റി കുഴച്ചു നോക്കി
ചാര്‍ത്തുകള്‍ ഒക്കെയും മാറ്റി നോക്കി
തെറ്റിയതെന്താണ് എവിടെയവോ
ഭിത്തി ഉറയ്ക്കുന്നീലൊന്നു കൊണ്ടും..

എന്താണ് പോംവഴിയെന്നൊരൊറ്റ-
ച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ
വെളിപാട് കൊണ്ടാരോ ചൊല്ലിയത്രെ,
അധികാരമുള്ളോരതേറ്റ് ചൊല്ലി..

ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍
ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍
ആ മതില്‍ മണ്ണില്‍ ഉറച്ചു നില്കും
ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും..

ഒന്‍പതുണ്ടത്രേ പ്രിയ വധുക്കള്‍
അന്‍‍പിയെന്നോരവരൊന്ന് പോലെ
ക്രൂരമാമീ ബലിക്കായതില്‍ നിന്ന്
ആരെ, ഒരുവളെ മാറ്റി നിര്‍ത്തും..

കൂട്ടത്തില്‍ ഏറ്റവും മൂപ്പെഴുന്നോന്‍
തെല്ലോരൂറ്റത്തോടപ്പോള്‍ പറഞ്ഞു പോയി
ഇന്നുച്ച നേരത്ത് കഞ്ഞിയുമായി
വന്നെത്തിടുന്നവള്‍ ആരുമാട്ടെ,
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും
അവളീ പണിക്കാര്‍ തന്‍ മാനം കാക്കും..

ഒന്‍പതു പേരവര്‍ കല്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതു പേരുമപ്പോള്‍
സ്വന്തം വധൂ മുഖം മാത്രമോര്‍ത്തു..

അശുഭങ്ങള്‍ ശങ്കിച്ച് പോകയാലോ
അറിയാതെ നെടുവീര്‍പ്പുതിര്‍ന്നു പോയി
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഭിത്തി പടുക്കും പണി തുടര്‍ന്ന്..

തങ്ങളില്‍ നോക്കാനുമായിടാതെ
എങ്ങോ മിഴി നാട്ടു നിന്നവരും
ഉച്ച വെയിലിന്‍ തിളച്ച കഞ്ഞി
പച്ചില തോറും പകര്‍ന്നതാരോ
അക്കഞ്ഞി വാര്ന്നതിന്‍ ചൂട് തട്ടി
പച്ച തലപ്പുകള്‍ ഒക്കെ വാടി..

കഞ്ഞിക്കലവും തലയിലേറ്റി
കയ്യാലെ തങ്ങി പിടിച്ചു കൊണ്ടേ
മുണ്ടകപ്പാട വരമ്പിലൂടെ
മുന്നിലെ ചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പ ചിരിയുമായി
മണ്ടി കിതച്ചു വരുന്നതാരോ..

മൂക്കിന്റെ തുമ്പത്ത് തൂങ്ങി നിന്നു
മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പ് തുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവാലോ
മൂത്തയാള്‍ വേട്ട പെണ്ണായിരുന്നു..

ഉച്ചയ്ക്കും കഞ്ഞിയും കൊണ്ട് പോരാന്‍
ഊഴം അവളുടെതയിരുന്നു..
ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും..

എങ്കിലും ഏറ്റവും മൂത്തയാളിന്‍
ചങ്കിലൊരു വെള്ളിടി മുഴങ്ങി..

കോട്ടിയ പ്ലാവില മുന്നില്‍ വെച്ച്
ചട്ടിയില്‍ കഞ്ഞിയും വാര്‍ന്നു വെച്ചു
ഒറ്റത്തൊട് കറി കൂടെ വെച്ച്
ഒന്‍പതു പേര്‍ക്കും വിളമ്പി വെച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി, തന്റെ
കുഞ്ഞിന്റെ അച്ഛന്‍ അടുത്തിരിക്കേ,
ഈ കഞ്ഞി ഊട്ടൊടുക്കത്തെയാമെന്ന്
ഓര്‍ക്കുവാന്‍ ആ സതിക്കായതില്ല..

ഓര്‍ക്കാപുറത്തശനിപാതം
ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം

കാര്യങ്ങള്‍ എല്ലാം അറിഞ്ഞവാറേ
ഈറനാം കണ്ണ് തുടച്ചു കൊണ്ടേ
വൈവശ്യം ഒക്കെ അകത്തൊതുക്കി
കൈവന്ന കയ്പും മധുരമാക്കി
കൂടെ പൊറുത്ത പുരുഷനോടും
കൂടെപ്പിറപ്പുകളോടുമായി
ഗദ്ഗടത്തോട് പൊറുത്തിടുമ്പോള്‍
അക്ഷരമോരോന്നു ഊന്നിയൂന്നി
അന്ത്യമാം തന്‍ അഭിലാഷമപ്പോള്‍
അഞ്ജലി പൂര്‍വ്വം അവള്‍ പറഞ്ഞൂ..

ഭിത്തിയുറക്കാനി പെണ്ണിനേയും
ചെത്തിയ കല്ലിന്നിടയ്ക്ക് നിര്‍ത്തി
കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്‌
ഒറ്റ ഒരാഗ്രഹം കേട്ട് കൊള്‍വിന്‍
കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ചം
കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും..

എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെ അടുത്തേക്ക് കൊണ്ട് പോരൂ
ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ

ഏത് കാറ്റുമെന്‍ പാട്ട് പാടുന്നു
ഏത് മണ്ണിലും ഞാന്‍ മടയ്ക്കുന്നു..
മണ്ണളന്നു, തിരിച്ചു കോല്‍ നാട്ടി
മന്നരായി മദിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത
വന്പിയെന്നോര കോട്ട തന്‍ മുന്നില്‍
ഇന്ന് കണ്ടെനാ പെണ്ണിന്‍ അപൂര്‍ണ
സുന്ദരമായ പെണ്‍ശിലാ ശില്പം..

എന്തിനോ വേണ്ടി നീട്ടി നില്‍ക്കുന്ന
ചന്തമോലുന്ന വലം കയ്യും
ഞെട്ടില്‍ നിന്ന് പാല്‍ തുള്ളികള്‍
ഊറും മട്ടിലുള്ളൊരു നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെ ഉള്ളിലെ പൈതല്‍
അമ്മ അമ്മ എന്നാര്‍ത്തു നില്‍ക്കുന്നു..